Monday, October 26, 2015

യേശു സങ്കടത്തോടെ അവനെ കടാക്ഷിച്ചു!

ഇവിടെ എത്യോപ്യയിലെ ആരാധനക്രമമനുസരിച്ച് ഇന്നലെ ഞായര്‍ ആയിരുന്നു. കമ്മ്യുണിറ്റിയിലെ സണ്‍ഡേ മാസ്സ് എന്‍റെ ഊഴമായിരുന്നു. മാര്‍ക്കിന്‍റെ സുവിശേഷം, "യേശുവും ധനികനായ ചെറുപ്പക്കാരനുമായുള്ള മനോഹരമായ കൂടിക്കാഴ്ച്ചയായിരുന്നു സുവിശേഷഭാഗം. “നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു  ചെയ്യണം എന്ന വലിയ ആഴമുള്ള ചോദ്യവുമായി ഗുരുസന്നിദ്ധിയിലേക്ക് വന്ന ഒരു ചെറുപ്പക്കാരന്‍. എത്തേണ്ട ഇടങ്ങളെക്കുറിച്ചു നല്ല ധാരണ ഉണ്ടായിട്ടും, എന്താണ് തന്‍റെ കുറവെന്ന് ആ ഗുരുവധരത്തില്‍നിന്നുതന്നെ കൃത്യമായി വെളിപ്പെട്ടുകിട്ടിയിട്ടും, ആ കുറവിനെ പരിഹരിക്കാന്‍ കൂട്ടാക്കാതെ, തന്‍റെ കുറവിലേക്ക് തന്നെ മടങ്ങിപ്പോകുന്ന ആ ചെറുപ്പക്കാരന്‍, ജീവിതത്തെ തെല്ലു ഗൌരവപൂര്‍വ്വം കാണാന്‍ ആഗ്രഹിക്കുന്ന ആരെയും ഒന്ന് കരയിപ്പിക്കും. ബോബ്ബിയച്ചന്‍ ഇടക്കൊക്കെ പറഞ്ഞു വിഷമിക്കുന്നത്പോലെ, ‘ദൈവമേ, നമ്മുടെ അറിവുകളൊന്നും നമ്മെയാരെയും രക്ഷിക്കുന്നില്ലല്ലോ.’ പുതിയനിയമത്തിലുടനീളം ക്രിസ്തുസന്നിധിയില്‍ വന്നിട്ട് സങ്കടത്തോടെ തിരിയെപോകുന്ന ഏകവ്യക്തി ഈ ചെറുപ്പക്കാരനായിരിക്കും.  “ഈ വചനം കേട്ട് അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരിച്ചുപോയി. കാരണം അവനു വളരെയേറെ സമ്പത്ത് ഉണ്ടായിരുന്നെന്ന്, തിരുവചനം പറയുന്നു. ഇംഗ്ലീഷില്‍ ആണെന്ന് തോന്നുന്നു കുറച്ചുകൂടി ഭേദപ്പെട്ട വിവര്‍ത്തനം."He went away sad because he had great possessions."

Tuesday, October 13, 2015

“എനിക്കറിയാം ഞാന്‍ ആരിലാണ് എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെന്ന് !"

എന്‍റെ തിരുപ്പട്ടത്തിന്‍റെ മുന്നോടിയായി ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ആപ്തവാക്യമാണിത്. റോമില്‍ പഠിച്ചുക്കൊണ്ടിരുന്ന കാലത്ത് പരിചയപ്പെട്ട ഐവറികോസ്റ്റില്‍ നിന്നുള്ള എന്‍റെ ആത്മസുഹൃത്ത് ജച്ചിന്തോയാണ് ഈ ഒരു വചനഭാഗം എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് പോലൊരു ഒക്ടോബര്‍നാണ് ജച്ചിന്തോ എനിക്കാ ഈമെയില്‍ അയക്കുന്നത്. സന്യാസജീവിതത്തെക്കുറിച്ചുള്ള അവന്‍റെ ചില വീക്ഷണങ്ങള്‍ ആയിരുന്നു ആ കത്തിന്‍റെ സാരം. മനോഹരമായി എഴുതിയ ആ കത്തിന്‍റെ അവസാനം ഈ ഒരു വരി ബോള്‍ഡ് ആന്‍ഡ്‌ ഇറ്റാലിക്സില്‍ എഴുതിചേര്‍ത്തിരുന്നു."എനിക്കറിയാം, ഞാന്‍ ആരിലാണ് എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെന്ന്!" എന്തോ, ആ വരികള്‍ മനസ്സിനെ വല്ലാതെ തൊട്ടു.ഉടന്‍ തന്നെ ആ കത്ത് പ്രിന്‍റ് ചെയ്തു ഡയറിയില്‍ സൂക്ഷിച്ചു. "അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വളരെ യാദൃശചികമായി ആ കത്ത് വീണ്ടും കാണുവാന്‍ ഇടയായി.  വളരെ താല്‍പ്പര്യത്തോടെ ആ കത്ത് വീണ്ടും വീണ്ടും വായിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു കുറെ നേരമങ്ങനെ ഇരുന്നു.  അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ഒരു തിരുവചനം എനിക്ക് നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു. തീര്‍ച്ചയായും അതിനു കാരണങ്ങളും ഏറെയായിരുന്നു. പക്ഷെ ഇന്ന് ആ വരികള്‍ വീണ്ടും വായിക്കുമ്പോള്‍ അവയെനിക്കു പകര്‍ന്നു തരുന്ന ശക്ത്തി പതിന്‍മടങ്ങാണ്. എന്‍റെ തിരുപ്പട്ട അവസരത്തില്‍, നന്ദിപ്രസംഗം തയ്യാറാക്കുന്നതിനിടയില്‍ ചേട്ടനച്ചന്‍ പറഞ്ഞു: