Monday, October 26, 2015

യേശു സങ്കടത്തോടെ അവനെ കടാക്ഷിച്ചു!

ഇവിടെ എത്യോപ്യയിലെ ആരാധനക്രമമനുസരിച്ച് ഇന്നലെ ഞായര്‍ ആയിരുന്നു. കമ്മ്യുണിറ്റിയിലെ സണ്‍ഡേ മാസ്സ് എന്‍റെ ഊഴമായിരുന്നു. മാര്‍ക്കിന്‍റെ സുവിശേഷം, "യേശുവും ധനികനായ ചെറുപ്പക്കാരനുമായുള്ള മനോഹരമായ കൂടിക്കാഴ്ച്ചയായിരുന്നു സുവിശേഷഭാഗം. “നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു  ചെയ്യണം എന്ന വലിയ ആഴമുള്ള ചോദ്യവുമായി ഗുരുസന്നിദ്ധിയിലേക്ക് വന്ന ഒരു ചെറുപ്പക്കാരന്‍. എത്തേണ്ട ഇടങ്ങളെക്കുറിച്ചു നല്ല ധാരണ ഉണ്ടായിട്ടും, എന്താണ് തന്‍റെ കുറവെന്ന് ആ ഗുരുവധരത്തില്‍നിന്നുതന്നെ കൃത്യമായി വെളിപ്പെട്ടുകിട്ടിയിട്ടും, ആ കുറവിനെ പരിഹരിക്കാന്‍ കൂട്ടാക്കാതെ, തന്‍റെ കുറവിലേക്ക് തന്നെ മടങ്ങിപ്പോകുന്ന ആ ചെറുപ്പക്കാരന്‍, ജീവിതത്തെ തെല്ലു ഗൌരവപൂര്‍വ്വം കാണാന്‍ ആഗ്രഹിക്കുന്ന ആരെയും ഒന്ന് കരയിപ്പിക്കും. ബോബ്ബിയച്ചന്‍ ഇടക്കൊക്കെ പറഞ്ഞു വിഷമിക്കുന്നത്പോലെ, ‘ദൈവമേ, നമ്മുടെ അറിവുകളൊന്നും നമ്മെയാരെയും രക്ഷിക്കുന്നില്ലല്ലോ.’ പുതിയനിയമത്തിലുടനീളം ക്രിസ്തുസന്നിധിയില്‍ വന്നിട്ട് സങ്കടത്തോടെ തിരിയെപോകുന്ന ഏകവ്യക്തി ഈ ചെറുപ്പക്കാരനായിരിക്കും.  “ഈ വചനം കേട്ട് അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരിച്ചുപോയി. കാരണം അവനു വളരെയേറെ സമ്പത്ത് ഉണ്ടായിരുന്നെന്ന്, തിരുവചനം പറയുന്നു. ഇംഗ്ലീഷില്‍ ആണെന്ന് തോന്നുന്നു കുറച്ചുകൂടി ഭേദപ്പെട്ട വിവര്‍ത്തനം."He went away sad because he had great possessions."
വ്യക്തികളും, വസ്തുക്കളും, ആടംബരങ്ങളും നമ്മുടെ ഹൃദയത്തെ പോസ്സെസ്സ് ചെയ്തു തുടങ്ങുമ്പോള്‍, നസ്രത്തിലെ നമ്മുടെ സ്നേഹിതന്‍ ആരുമറിയാതെ നമ്മുടെ ഹൃദയത്തില്‍നിന്നും പടിയിറങ്ങുന്നു. പക്ഷെ മനസ്സ് പിന്നെയും തങ്ങിനിന്നത് ആ ഒരു വരിയില്‍ ആയിരുന്നു. “യേശു സ്നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചു". പീറ്ററിന്‍റെ മൊഴികളെ ആധാരമാക്കിയാണ് മാര്‍ക്ക് തന്‍റെ സുവിശേഷം രൂപപ്പെടുത്തിയത് എന്നൊരു അനുമാനമൊക്കെയുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും യേശു ആ ചെറുപ്പക്കാരന് കൈമാറിയ കടാക്ഷത്തെപ്പറ്റി പീറ്റര്‍ കാര്യമായി പരാമര്ശിച്ചുകാണണം.കാരണം അങ്ങനെയൊരു കടാക്ഷം പലതവണയായി പീറ്ററിനും കിട്ടിയതാണല്ലോ. ധനികനായ ആ ചെറുപ്പക്കാരന്‍ ക്രിസ്തുവിനെ വിട്ടിട്ടു പോകുന്ന ആ കാഴ്ച്ച ക്രിസ്തു സങ്കടത്തോടെ കണ്ടു എന്ന രീതിയിലാണ് ആ ഭാഗം അവസാനിക്കുന്നത്. എന്തുതന്നെയായാലും, വാത്സല്യത്തോടെയുള്ള ആ നോട്ടത്തിലൂടെ എന്തൊക്കെയായിരിക്കും നസ്രത്തിലെ നമ്മുടെ ഗുരു കൈമാറാന്‍ ശ്രമിച്ചിട്ടുണ്ടാവുക? ഔന്നിത്യമുള്ള ജീവിതമൊക്കെ സ്വപ്നം കണ്ടുവന്നിട്ട് വെറുമൊരു പുഴുവിനെകണക്ക് ഇഴഞ്ഞുപോകേണ്ടി വരുന്ന ആ ചെറുപ്പക്കാരനെ എത്രമാത്രം സങ്കടത്തോടെയായിരിക്കും ആ ഗുരു നോക്കി നിന്നിട്ടുണ്ടാവുക? ഗൌരവമായ ചില ആത്മശോദനക്ക് എന്നെത്തന്നെ വിട്ടു കൊടുത്തപ്പോള്‍ ഒരു കാര്യം വ്യക്തമായി.  കഥയിലെ ചെറുപ്പക്കാരന്‍ ഏതാണ്ട് ഞാന്‍ തന്നെ.  കാര്യം ശരിയാണ്. നസ്രത്തിലെ ഗുരുവിനോടൊപ്പം യാത്ര ആരംഭിച്ചിട്ട്‌ ഏതാണ്ട് വര്ഷം തികയുന്നു. ഈക്കണ്ട കാലമൊക്കെയും പാടിയതും, പറഞ്ഞതും, എഴുതിയതുമെല്ലാം അവനെപ്പറ്റിമാത്രം. എങ്കിലും ചിലപ്പോഴെങ്കിലും ഒന്ന് കണ്ണും പൂട്ടിയിരിക്കുമ്പോള്‍ അവനെനിക്ക് എന്‍റെ കുറവെന്താണെന്ന് കൃത്ത്യമായി കാട്ടിത്തരുന്നുണ്ട്. ഒത്തിരി ‘പോസ്സെസ്സ്ഡ്’ ആയ എന്‍റെ ഹൃദയത്തില്‍ അവന്‍റെ സ്ഥാനം എവിടെയെന്നുള്ള ചോദ്യത്തിനു മുന്നില്‍ ആവശ്യത്തിലേറെ സന്ദേഹവുമുണ്ട്.  എന്നിട്ടും, ഇത്രയും കൃത്യമായി അവന്‍ എനിക്ക് എന്‍റെ കുറവുകള്‍ ചൂണ്ടികാണിച്ചുതന്നിട്ടും, പലപ്പോഴും എന്‍റെ കുറവിനെയല്ല ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത്, മറിച്ച് നസ്രത്തിലെ തച്ഛനായ എന്‍റെ ആ സ്നേഹിതനാണ് പലപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇനിയെങ്കിലും എന്‍റെ ആ ഗുരുവിനെ ഞാന്‍ ഗൌരവമായിട്ടെടുക്കേണ്ടിയിരിക്കുന്നു. അത്തരമൊരു ആഗ്രഹം പ്രാര്‍ത്ഥനയാക്കിമാറ്റിക്കൊണ്ട്‌!

No comments:

Post a Comment