Thursday, December 3, 2015

ഒരു പൂവുണ്ടാവുകയാണ് പ്രധാനം!

ഇതൊക്കെ ആരാണെന്നല്ലേ, താമ്രാത്ത്, സലാം, അഷനാഫി. ഇതാണ് അവരുടെ പേരുകള്‍. ദിവസവും ഞങ്ങളുടെ സെന്‍ററില്‍ വരുന്ന രണ്ടു കുഞ്ഞുങ്ങളും, മനസ്സിന് ചെറിയ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന അവരുടെ അപ്പനുമാണ് ചിത്ത്രത്തില്‍. `അവരെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ പറയാനേറെയുണ്ട്. കണ്ണീരും കയ്പ്പുമല്ലാതെ ജീവിതം അവര്‍ക്കൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നിട്ടും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ കുഞ്ഞുങ്ങളെ ഒരിക്കല്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.
മറ്റു പല കുഞ്ഞുങ്ങളും വസ്ത്രത്തിനായും ഭക്ഷണത്തിനായുമൊക്കെ വന്നു കൈനീട്ടുമ്പോഴും, അതിലൊന്നുംപെടാതെ, ആരോടും യാതൊരു പരാതിയുമില്ലാതെ.... പതിവായി തയ്യാറാക്കുന്ന കൊച്ചു മാഗസിനുവേണ്ടി ഫോട്ടോഎടുക്കുന്ന കൂട്ടത്തില്‍
അറിയാതെ പെട്ടതാണ് ഈ കുഞ്ഞുങ്ങളുടെ ചിത്രം. ഫോട്ടോ കണ്ടപ്പോള്‍ അവരെക്കുറിച്ചു രണ്ടക്ഷരം കുറിക്കണമെന്ന് തോന്നി. നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നത് ചിരിക്കാനും, സന്തോഷിക്കാനും ജീവിതത്തില്‍ ഒത്തിരി കാരണങ്ങള്‍ വേണമെന്നല്ലേ? വെറും തെറ്റിദ്ധാരണയാണ് കേട്ടോ! ഉള്ളില്‍ ഒരു പ്രകാശം ഉണ്ടാവുക എന്നതുതന്നെ പ്രധാനം. അതുകൊണ്ടല്ലേ, അത്ര കൊടിയ ദുരനുഭവങ്ങളില്‍പ്പോലും ഈ കുഞ്ഞുങ്ങളുടെ മിഴികള്‍ ഇത്രമേല്‍ പ്രകാശിക്കുന്നത്. നമ്മുടെ ഗുരുവിന്‍റെ വാക്കുകള്‍ കടമെടുത്താല്‍, “ഒരു പൂവ് പൊട്ടിയ ഒരു മഷികുപ്പിയില്‍ വച്ചാലും, ചുളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ ഒരു പൂപ്പാത്രമായി മാറുന്നതുപോലെ,,,, അതെ, അപ്പോള്‍ അത് തന്നെ കാര്യം. ഉള്ളിലൊരു പൂവുണ്ടാവുകയാണ് പ്രധാനം, അകപ്പോരുളിന്‍റെ സുഗന്ധം തിരിച്ചറിയുന്നതാണ് സൌന്ദര്യം! എന്തായാലും ഈ ചിത്രം മനസ്സിന് തരുന്ന ഭാരം കുറച്ചൊന്നുമല്ല. കാരണം വേറൊന്നുമല്ല. സന്തോഷിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ടായിട്ടും എന്തെ നമ്മുടെ മുഖമൊന്നും ഈ കുഞ്ഞുങ്ങളെകണക്ക് പ്രകാശിക്കാത്തത്?

No comments:

Post a Comment