എന്‍റെ തിരുപ്പട്ടത്തിന്‍റെ
മുന്നോടിയായി ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ആപ്തവാക്യമാണിത്. റോമില്‍
പഠിച്ചുക്കൊണ്ടിരുന്ന കാലത്ത് പരിചയപ്പെട്ട ഐവറികോസ്റ്റില്‍ നിന്നുള്ള എന്‍റെ
ആത്മസുഹൃത്ത് ജച്ചിന്തോയാണ് ഈ ഒരു വചനഭാഗം എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഏതാണ്ട്
അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് പോലൊരു ഒക്ടോബര്‍നാണ് ജച്ചിന്തോ എനിക്കാ
ഈമെയില്‍ അയക്കുന്നത്. സന്യാസജീവിതത്തെക്കുറിച്ചുള്ള അവന്‍റെ ചില വീക്ഷണങ്ങള്‍
ആയിരുന്നു ആ കത്തിന്‍റെ സാരം. മനോഹരമായി എഴുതിയ ആ കത്തിന്‍റെ അവസാനം ഈ ഒരു വരി
ബോള്‍ഡ് ആന്‍ഡ് ഇറ്റാലിക്സില്‍ എഴുതിചേര്‍ത്തിരുന്നു."എനിക്കറിയാം, ഞാന്‍ ആരിലാണ് എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെന്ന്!" എന്തോ, ആ വരികള്‍
മനസ്സിനെ വല്ലാതെ തൊട്ടു.ഉടന്‍ തന്നെ ആ
കത്ത് പ്രിന്‍റ് ചെയ്തു ഡയറിയില്‍ സൂക്ഷിച്ചു.
"അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വളരെ യാദൃശചികമായി ആ കത്ത് വീണ്ടും
കാണുവാന്‍ ഇടയായി. വളരെ താല്‍പ്പര്യത്തോടെ
ആ കത്ത് വീണ്ടും വീണ്ടും വായിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു കുറെ നേരമങ്ങനെ
ഇരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആ
ഒരു തിരുവചനം എനിക്ക് നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു. തീര്‍ച്ചയായും അതിനു
കാരണങ്ങളും ഏറെയായിരുന്നു. പക്ഷെ ഇന്ന് ആ വരികള്‍ വീണ്ടും വായിക്കുമ്പോള്‍
അവയെനിക്കു പകര്‍ന്നു തരുന്ന ശക്ത്തി പതിന്‍മടങ്ങാണ്. എന്‍റെ തിരുപ്പട്ട
അവസരത്തില്‍, നന്ദിപ്രസംഗം തയ്യാറാക്കുന്നതിനിടയില്‍ ചേട്ടനച്ചന്‍ പറഞ്ഞു:
“സാദാരണ
ആളുകള്‍ എടുക്കാത്ത ഒരു വചനമാണല്ലോ ഇത്.
ഒരു പരിധിവരെ എന്തൊക്കെയോ അറിയാമെന്നുള്ള ഒരു ഓവര്‍ കോണ്‍ഫിഡന്‍സും
പ്രകടമാണ് ഈ വരികളില്‍. അതിനാല്‍ ഒന്ന് മാറ്റിപ്പിടിക്കുന്നതല്ലേ നല്ലത്?” വളരെ
നിഷ്ക്കളങ്കമായ ആ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ എല്ലാം ഒരു പുഞ്ചിരിയില്‍
ഒതുക്കി ഞാന്‍. എന്‍റെ ജീവിതാനുഭവങ്ങളാണ് അത്തരമൊരു മോട്ടോ തിരഞെടുക്കാന്‍
എന്നെ പ്രേരിപ്പിച്ഛതെന്നു ഞാന്‍ പറയാതെ
തന്നെ എന്‍റെ ചേട്ടന്‍ മനസ്സിലാക്കിക്കാണും.എന്തു തന്നെയായാലും കഴിഞ്ഞ
മൂന്നു വര്‍ഷക്കാലമായി എന്‍റെ മേശപ്പുറത്ത് സ്ഥാനം പിടിച്ചിട്ടുള്ള ഒരു വചനമാണിത്.പൌരോഹിത്യ വഴിയില്‍ പിന്നിട്ട ഈ മൂന്നു വര്‍ഷക്കാലയളവില്‍
ജീവിതത്തിന്‍റെ താബോറിലും ഗദ്സെമനിലും
ഒത്തിരി ആശ്വാസം പകര്‍ന്ന വരികളാണിവ.
ചിലപ്പോളെങ്കിലും പട്ടം പറപ്പിക്കുന്ന ആ കുഞ്ഞിന്‍റെ ചില
ശാട്യങ്ങളായിരുന്നു ജീവിതത്തിലും. കുഞ്ഞിന്‍റെ ധാരണ അവനാണ് പട്ടത്തിന്‍റെ ഗതി
നിയന്ത്രിക്കുന്നതെന്ന്. എന്നാല്‍, കുറേക്കൂടി പക്വത ലഭിക്കുമ്പോള്‍ അവനറിയുന്നു,
അവനായിരുന്നില്ല, മറിച്ചു വീശിയടിക്കുന്ന കാറ്റായിരുന്നു ഈ വര്‍ണ്ണക്കടലാസിന്‍റെ
ദിശ നിര്‍ണ്ണയിച്ചിരുന്നതെന്ന്. മുപ്പതുകളുടെ ഈ ആരംഭത്തില്‍, ഒരു കാര്യം
വ്യക്തമാകുന്നുണ്ട്. എന്‍റെ ജീവിതം എന്‍റെ കണക്കുക്കൂട്ടലുകള്‍ക്കനുസരിച്ചല്ല,
മറിച്ചു എന്‍റെ പേര് ആരുടെ ഉള്ളം കയ്യിലാണോ രേഖപ്പെടുത്തിയിരിക്കുന്നത്, ഞാന്‍
ആരിലാണോ എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്, അവന്‍റെ കണക്കുക്കൂട്ടലുകള്‍ക്കനുസരിച്ചാണ് നീങ്ങുന്നത്;
നസ്രത്തിലെ തച്ചനായ എന്‍റെ ആ ഗുരുവിന്‍റെ.
ആ ഗുരുവില്‍ ഒരിക്കല്‍ക്കൂടി എന്‍റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട്!
No comments:
Post a Comment