എത്യോപ്പ്യയില്‍ ഇന്ന് ഞങ്ങള്‍ക്ക് ദു:ഖവെള്ളി. എത്യോപ്പ്യയിലെ
കലണ്ടറിനെപ്പറ്റി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവിടുത്തെ
കോപ്റ്റിക്ക് കലണ്ടര്‍ അനുസരിച്ചു ഞങ്ങള്‍ക്ക് ഈസ്റ്റര്‍ ഈ വരുന്ന
ഞായറാഴ്ച്ചയാണ്, 12-04-2015. അതിനാല്‍ ഇന്ന് ദു:ഖവെള്ളി. രാവിലെ 8
മണിക്ക് പള്ളിയില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍, അവസാനിച്ചത് വൈകീട്ട് 4
മണിക്ക്. തിരുക്കര്‍മ്മങ്ങള്‍ എല്ലാംതന്നെ ഗീസ് ഭാഷയില്‍ ആയിരുന്നതിനാല്‍
കുറേയൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ആദ്യത്തെ പല വായനകളില്‍
പലതവണ ആവര്‍ത്തിച്ചു കേട്ട പേരുകളായിരുന്നു പീറ്ററിന്‍റെയും ജൂഡസിന്‍റെയും.
ഒരുപക്ഷെ ഈ വിശുദ്ധവാരത്തില്‍ കണ്ടു മുട്ടുന്ന അനേകം
കഥാപാത്രങ്ങളില്‍ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നത് തീര്‍ച്ചയായും
അയാളാണ്, ജൂഡസ്സ്. ഇത്രയും പ്രസാദം നിറഞ്ഞ ഈസ്റ്റര്‍ ചിന്തകളില്‍ അയാള്‍
മാത്രം എന്തേ ഹൃദയമൊക്കെ കടിനമാക്കി, ഒരു മുഴം കയറിലേക്കു തന്‍റെ ജീവിതം
ചുരുക്കുന്നു? എന്തായാലും മനസ്സിന് ഭാരം തരുന്നത് അയാള്‍ ചെയ്ത
കൃത്യത്തിന്‍റെ പേരിലാണെന്നു തോന്നുന്നില്ല. മറിച്ചു അയാള്‍ ചെയ്യാതെ പോയ
കാര്യത്തെയോര്‍ത്താണ് മനസ്സ് വേദനിക്കുന്നത്. സത്യംപറഞ്ഞാല്‍ കൂട്ടത്തിലെ
ആദ്യത്തെ ശിഷ്യനും (പീറ്റര്‍), അവസാനത്തെ ശിഷ്യനും (ജൂഡസ്) ചെയ്ത കൃത്യം
ഒന്ന് തന്നെ. ഒരാള്‍ തലവെട്ടിച്ച്, ആണയിട്ട് പറയുന്നു: “എനിക്കിയാളെ
അറിയില്ല, അതിനാല്‍ എന്നെ വെറുതെ വിടുക”. മറ്റെയാള്‍ തല നല്ലവണ്ണം
കുലുക്കിപ്പറയുന്നു: “എനിക്കിയാളെ അറിയാം, അയാളെ പിടിച്ചുകൊള്ളുക”. രണ്ടു
പേരുടെയും അപരാദം അക്ഷരാര്‍ത്തത്തില്‍ ഒന്ന് തന്നെ: ഗുരുനിഷേദ്ധം.
എന്തായാലും പീറ്ററിന് ആ രാവില്‍ ഒരു കാര്യം വളരെ കൃത്യമായി മനസ്സിലായി. ഈ
ഭൂമിയില്‍ വാക്കിനോളം വിലകുറഞ്ഞ ഏര്‍പ്പാട് വേറെ ഇല്ല. ധൃടമായ
ഭോദ്ധ്യങ്ങളും ശക്തമായ തീരുമാനങ്ങളും പിന്താങ്ങുന്നില്ലെങ്കില്‍ വാക്ക്
വെറുതെ മടങ്ങിപ്പോകുന്ന വണ്ടിചെക്ക് പോലെ. അതുകൊണ്ടാണ് അയാള്‍ പിന്നീട് “നീ
ഇവരേക്കാളധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഗുരുവിന്‍റെ ചോദ്യത്തിനു
മുമ്പില്‍ “നീ എല്ലാം അറിയുന്നുണ്ടല്ലോ ഗുരുവേ” എന്ന് പറഞ്ഞു വാവിട്ടു
നിലവിളിച്ചത്. പിന്നിടയാളെക്കുറിച്ചു നടപടി പുസ്തകത്തില്‍ പറയുന്ന
കാര്യങ്ങള്‍ ആരുടേയും കണ്ണ് നിറയ്ക്കും. ‘പീറ്റര്‍ പോകുന്നിടത്ത് രോഗികള്‍
അവനെ കാത്തു കിടന്നിരുന്നു. അവന്‍റെ നിഴല്‍ പതിച്ചു രോഗികള്‍ സുഖം
പ്രാപിച്ചു’ (നടപടിപുസ്തകം:5,15). നിഴല്‍ എന്ന് പറയുന്നത് വളരെ അണ്‍റിയല്‍
ആയ ഒന്നാണ്. സുവിശേഷത്തില്‍ ഒരിടത്ത് പോലും ക്രിസ്തുവിന്‍റെ നിഴല്‍ വീണ്
രോഗികള്‍ സൗഖ്യപ്പെട്ടതായി നാം വായിക്കുന്നില്ല. പീറ്ററിന്‍റെ നിഴലിനും
എന്തായാലും സുഖപ്പെടുത്താനാവുമെന്നും തോന്നുന്നില്ല. അപ്പോള്‍ പിന്നെ
എന്താണ് സൂചന? പീറ്ററില്‍ ഇപ്പോള്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്നത്
അയാളൊരിക്കല്‍ തള്ളിപ്പറഞ്ഞ ആ ഗുരു തന്നെ. പിന്നീടയാള്‍ ക്രിസ്തുവിനു ഒരു
ചെക്ക് എഴുതും. അത് നേരത്തെപ്പോലെ വെറുമൊരു വണ്ടിചെക്ക് അല്ല. ഒരു
ബ്ലാങ്ക് ചെക്ക്. അതില്‍ ഇഷ്ടമുള്ള അമൌണ്ട് എഴുതിയെടുക്കാന്‍ അയാള്‍
തന്‍റെ ഗുരുവിനോട് ആവശ്യപ്പെടും. ഓര്‍ക്കണം തന്‍റെ ഗുരുവിനെക്കണക്കു
കുരിശില്‍ ഏറാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് തലകീഴായി കുരിശിലേറിയവനാണ്
പീറ്റര്‍.
അപ്പോള്‍ പിന്നെ എവിടെയാണ് ജൂഡാസ്സിന് തെറ്റ്പറ്റിയത്?
എനിക്കു തോന്നുന്നു ഉയിര്‍പ്പിന്‍റെ ആ വലിയ സന്ദേശം കേള്‍ക്കാതെ പോയ
ഒരേയൊരു വ്യക്തി ജൂഡാസായിരിക്കണം; ഒരു തിരിച്ചുവരവ് സാദ്ധ്യമാണെന്ന ആ വലിയ
സന്ദേശം. എത്ര തന്നെ ഇടറിപ്പോയാലും ഒരു തിരിച്ചുനടക്കല്‍ സാദ്ധ്യമാണ്.
ഇടറുകയും, പരാജയപ്പെടുകയും, നുറുങ്ങുകയും ചെയ്യുന്ന നമ്മെപ്പോലെയുള്ള പാവം
നരജന്മങ്ങള്‍ക്ക് ഇനിയും ഗുണപരമായ ഒരു ജീവിതം സാദ്ധ്യമാണെന്നുള്ള
ഓര്‍മ്മപ്പെടുത്തലല്ലേ ഓരോ ഈസ്റ്ററും തരുന്ന സന്ദേശം. ഉയിര്‍പ്പ് ഒരു
മരണാനന്തര അനുഭവം മാത്രമല്ലെന്നും അത് അനുനിമിഷം അനുവര്‍ത്തിക്കേണ്ട
പ്രത്യാശയുടെ ജീവിതക്രമമാണെന്നും മനസ്സിലാക്കുന്നിടത്താണ് യഥാര്‍ദ്ധ
ഈസ്റ്റര്‍ സെലിബ്രേഷന്‍ ആരംബിക്കുന്നത്. അത്തരമൊരു തിരിച്ചറിവ് നമ്മുടെ
വ്യക്തിജീവിതങ്ങളില്‍ സംഭവിക്കട്ടെ എന്നല്ലാതെ മറ്റെന്തു ആശംസിക്കാന്‍ ഈ
ഈസ്റ്റര്‍ രാവില്‍. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഈസ്റ്ററിന്‍റെ
മംഗളങ്ങള്‍. ശാലോം ഫ്രം എത്യോപ്പ്യ!
No comments:
Post a Comment