“
അച്ചാ, പാട്ടു പാടാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. പള്ളിയിലൊക്കെ അത്യാവശ്യം പാടാറുണ്ട്. പിന്നെ ഇവിടെ വന്നതിനു ശേഷം മലയാളി സമാജത്തില്‍ ഒക്കെ പോകാറുണ്ട്. പക്ഷെ സിനിമ പാട്ടൊക്കെ പാടുമ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. ഈശോക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു ഭയം. അതിനാല്‍ കുറെ കാലമായി പാടാനും ഡാന്‍സ് കളിക്കാനും ഒന്നും പോകാറില്ല”. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലെ ഒരു കൂട്ടുകാരി പങ്കുവച്ച അനുഭവമാണ് ഇത്. എന്ത് പറയണം എന്ന് വിചാരിച്ചപ്പോള്‍ മനസ്സിലേക്ക് ഉടനെ വന്നത് ബിജുഅച്ചന്‍ വരച്ച ‘ചിരിക്കുന്ന ഈശോയുടെ’ ഈ ചിത്രമാണ്.
എങ്ങനെയോ കാലാകാലങ്ങളായി വളരെ മെലന്‍കോളിക്കായ ഒരു സ്പിരിച്ച്വാലിറ്റിയാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. സ്പിരിച്ച്വലിറ്റിയെന്നാല്‍ കുറെ കരച്ചിലും, പരിവട്ടവും പ്രായ്ച്ചിത്തങ്ങളുമൊക്കെ വേണമെന്ന് നാം തെറ്റിദ്ധരിച്ചു. എന്തിനു മൊബൈല്‍ റിംഗ് ടോണ്‍ പോലും “നീയെന്നെ മറന്നോ നാഥാ” എന്നുള്ള ശോകഗാനങ്ങള്‍ ഒക്കെവച്ചു നടക്കുന്നവരെപ്പറ്റി എന്ത് പറയാന്‍? പക്ഷെ ആര് പറഞ്ഞു നസ്രത്തിലെ ക്രിസ്തു നമ്മുടെ ആഹ്ളാദങ്ങള്‍ക്ക് എതിരാണെന്ന്? സുവിശേഷങ്ങളില്‍ ഒരിടത്ത് പോലും അതിന്‍റെ സൂചന ഉള്ളതായി എനിക്ക് തോന്നുന്നില്ല. നാല്‍പ്പതു ദിവസം ഉപവസിച്ച ക്രിസ്തുവിനെ ഒരു നാല്‍പ്പതു തവണയെങ്കിലും നാം ഊട്ടുമേശയില്‍ കണ്ടുമുട്ടുന്നു. നമ്മുടെ ന്യു ജെനെറെഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ “സൌഹൃദങ്ങളുടെ ഉസ്താത്” ആയിരുന്നു ക്രിസ്തു. മാര്‍ത്ത, മേരി, ലാസര്‍, ജോണ്‍, മേരി മഗ്ദല, എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. പിന്നെ എന്തിനെ കുറിച്ചാണ് അവന്‍ പറയാതിരുന്നിട്ടുള്ളത്. പക്ഷികളും, മൃഗങ്ങളും, മരങ്ങളും വിത്തുകളും, പൂവും കായയും എല്ലാം ഉണ്ടായിരുന്നു അവന്‍റെ പ്രഭാഷണങ്ങളിലും ഉപമകളിലും. ഇത്രയും ‘ഏക്കൊ ഫ്രെണ്ട്ലി’ ആയ വേറൊരു ഗുരു ഈ ഭൂമുഖത്ത് ഉണ്ടായിട്ടില്ല എന്ന് ഇപ്പോഴത്തെ ന്യു എയ്ജ് ഗുരുക്കന്മാര്‍ പോലും തറപ്പിച്ചു പറയുന്നു. ചിരിക്കുന്നവരോടൊപ്പം ചിരിക്കാനും, കരയുന്നവരോടൊപ്പം കരയാനും അവന്‍ ധൈര്യം കാണിച്ചു. അത്യാവശ്യം വേണ്ടി വന്നപ്പോള്‍ ജെറുസലേം ദേവാലയത്തില്‍ ഒന്ന് കലഹിക്കാനും അവന്‍ മടിച്ചില്ല.
ചുരുക്കം പറഞ്ഞാല്‍ നാമൊക്കെ ധരിച്ചു വച്ച ആ ദൈവസങ്കല്‍പ്പത്തെ ക്രിസ്തു വളരെ നന്നായിട്ടങ്ങു ഡൊമെസ്റ്റിക്കേറ്റ് ചെയ്തു. ഇനി പറ, ഇത്ര മാത്രം ഭൂമിയോട് ചേര്‍ന്ന് ജീവിച്ച നമ്മുടെ ഈ ഗുരു, നമ്മുടെ ഒരു പാട്ടോ, ഡാന്‍സോ ആസ്വദിക്കില്ല എന്നാരെങ്കിലും പറഞ്ഞാല്‍ അതിനെ ദൈവദൂഷണം എന്നല്ലാതെ മറ്റെന്തു പറയാന്‍? അപ്പോള്‍ പിന്നെ, “ഞാന്‍ ഇവയെല്ലാം നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണെന്നും”, “ഞാന്‍ വന്നത് നിങ്ങള്‍ക്ക് ജീവന്‍ സമൃദ്ധമായി ഉണ്ടാകാനാണെന്നുമൊക്കെയുള്ള” വചനങ്ങള്‍ നാം എങ്ങനെ വായിച്ചെടുക്കും?
ഞാന്‍ ഓര്‍ക്കുന്നു, റോമില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ശ്രദ്ധയില്‍പ്പെട്ട ഒരു ചുവരെഴുത്ത്: Dio probabilmente non esiste, quindi smettitti di preoccuparti e goditi la vita!”. എഴുത്തിന്‍റെ സാരാംശം ഇതായിരുന്നു. “ദൈവം എന്നൊന്നുള്ളത് മിക്കവാറും ഇല്ല. അതിനാല്‍ ആകുലപ്പെടാതെ ജീവിതം ആസ്വദിക്കൂ”. അതിലെ ആദ്യഭാഗം അത്ര കാര്യമായിട്ടെടുത്തില്ല. അതു ഒരാളുടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ തോന്നിയുള്ളൂ. എന്നാല്‍ രണ്ടാം ഭാഗം ഹൃദയത്തെ വല്ലാതെ ഭാരപ്പെടുത്തി - ആകുലപ്പെടാതെ ജീവിതം ആസ്വദിക്കൂ - ആര് പറഞ്ഞു, ദൈവം നമ്മുടെ ആഹ്ലാദങ്ങള്‍ക്ക് എതിരാണെന്ന്?? എന്തായാലും പ്രശ്നം ദൈവത്തിന്‍റെ ഭാഗത്തല്ല എന്നുള്ള കാര്യം ഉറപ്പ്. അപ്പോള്‍ പിന്നെ നമ്മുടെ ദൈവസങ്കല്‍പ്പത്തില്‍ വരേണ്ട ക്ലാരിറ്റി തന്നെ പ്രധാനം. “എന്നോടൊപ്പം നൃത്തം ചവിട്ടുന്ന ദൈവത്തില്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ” എന്ന് തത്ത്വചിന്തകനായ നീഷെ പറയുമ്പോള്‍ അതിനെ വെറുമൊരു നിരീശ്വരവാദിയുടെ ദൈവനിഷേദമായി മാത്രം കാണാന്‍ സാധിക്കുന്നില്ല. തീര്‍ച്ചയായും അത് നമ്മുടെ മത-ആദ്ധ്യാത്മിക സങ്കല്‍പ്പങ്ങളില്‍ സംഭവിക്കേണ്ട വലിയൊരു പൊളിച്ചെഴുത്തിലേക്കു വിരല്‍ ചൂണ്ടുന്നു എന്ന് വേണം കരുതാന്‍.
ഓര്‍മ്മയില്ലേ യോഹന്നാന്‍റെ സുവിശേഷം 21)o അദ്ധ്യായം. ഉത്ഥിതന്‍ വിളമ്പുന്ന ഒരു പ്രാതലിനെപറ്റിയാണ് പരാമര്‍ശം. ശിഷ്യന്മാരുടെ വിഫലമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ക്രിസ്തു തീരത്ത് വന്നു, വലിയ ഒരു ചാകര അവര്‍ക്ക് സമ്മാനിക്കുന്നു. വല നിറയെ, വഞ്ചി നിറയെ ആ ചാകരക്കൊയ്ത്ത് കണ്ടിട്ട്, ക്രിസ്തു സ്നേഹിച്ചിരുന്ന ആ ശിഷ്യന്‍ അതിനപ്പുറം നില്‍ക്കുന്നൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അയാള്‍ വിളിച്ചു പറയുകയാണ്. “It is the Lord”, “അതിനപ്പുറം നില്‍ക്കുന്നത് ക്രിസ്തുവാണ്”. ജീവിതത്തിന്‍റെ ദുരന്തങ്ങളിലും പ്രശ്നങ്ങളിലുമൊക്കെ നാം ക്രൂശിതനായ ക്രിസ്തുവിനെ പലപ്പോഴും ഓര്‍ക്കാറുണ്ട്. എന്നാല്‍ ജീവിതത്തിന്‍റെ സംഗീതങ്ങളുടെയും നൃത്തങ്ങളുടെയും, ശുഭകരമായ ഇടങ്ങള്‍ക്കുമൊക്കെ പിന്നില്‍ നില്‍ക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നാം എപ്പോഴാണ് തിരിച്ചറിയുക? ഭര്‍ത്താവിന് കുറെക്കൂടി തൊഴില്‍സുരക്ഷിതത്വമുണ്ട്. അമ്മയുടെ രോഗത്തിന് കാര്യമായ കുറവുണ്ട്. കുഞ്ഞുമക്കളുടെ പ്രോഗ്രസ്കാര്‍ഡില്‍ നിറയെ മാര്‍ക്കുണ്ട്.... ഇങ്ങനെ ജീവിതത്തിനകത്തെ കുഞ്ഞുകുഞ്ഞു ആഹ്ലാദങ്ങള്‍ക്കു പിന്നില്‍പ്പോലും, മക്കളെ അണച്ചുനിര്‍ത്തി ഇങ്ങനെ വിളിച്ചു പറയാനാകണം: “കുഞ്ഞുമക്കളെ ഇതിനൊക്കെ പിന്നില്‍ നില്‍ക്കുന്നത് ക്രിസ്തുവാണ്”. അങ്ങനെ അവനെ കണ്ടെത്താനും ഏറ്റുപറയാനും സാദ്ധിക്കുമ്പോള്‍ മാത്രമേ സ്പിരിച്ച്വാലിറ്റി ഒരു ജോയ്ഫുള്‍ എക്സ്പീരിയെന്‍സ്, അല്ലെങ്കില്‍ സെലിബ്രേഷന്‍ ആയി മാറുന്നുള്ളൂ. അത്തരമൊരു പരിവര്‍ത്തനം നമ്മുടെ ആത്മീയ ചിന്തകളില്‍ സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,,,,,,
No comments:
Post a Comment