Thursday, February 19, 2015

കണക്കുക്കൂട്ടലുകള്‍ ഇല്ലാതെ അവനെ സ്നേഹിക്കാന്‍!!


“എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!”
മാര്‍ ഈവാനിയോസ് പിതാവ് ദിവസവും ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടു ഈ കഴിഞ്ഞ ദിവസങ്ങളില്‍. വളരെ ഹൃദ്ധ്യമായി അനുഭവപ്പെട്ട ഒരു പ്രാര്‍ത്ഥനയായിരുന്നു അത്. അതിലെ ഒരു വരി ഹൃദയത്തെ വല്ലാതെ ഉലച്ചു. “എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!” കുറച്ചു ദിവസങ്ങളായി എഴുതുന്നതും, കണ്ണ് നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നതും എല്ലാം അതു മാത്രമാണ്; യാതോരു കണക്കുക്കൂട്ടലുകളുമില്ലാതെ അവനെ സ്നേഹിക്കുവാന്‍!

കണക്കുക്കൂട്ടലുകള്‍ എന്നും മനുഷ്യന് സ്വന്തമായിരുന്നു എന്ന് വേണം കരുതാന്‍. ഓര്‍മ്മയില്ലേ, പൂര്‍വ്വപിതാവായ അബ്രാമിന്‍റെ ആദ്യത്തെ ആ ചോദ്യം. “നീ പറയുന്നത് പോലെയൊക്കെ ഞാന്‍ ചെയ്യാം. പക്ഷെ പകരമായി നീ എനിക്ക് എന്ത് തരും” (ഉല്‍പ്പത്തി 15:2).
നമ്മുടെ പൂര്‍വ്വപിതാവിന്‍റെ സുകൃതം നിറഞ്ഞ ജീവിതത്തിലെ ഭംഗിയില്ലാത്ത ചില കണക്കുകൂട്ടലുകള്‍!! മനസ്സ് പിന്നെയും പരതിയപ്പോള്‍ ചെന്നെത്തിയത് നാര്‍ദിന്‍ തൈലത്തിന്‍റെ സുഗന്ധമുള്ള ബെഥനിയായിലെ ആ മുറിക്കകത്താണ്. അവിടെയൊരാള്‍ യാതൊരു കണക്കുക്കൂട്ടലുകളുമില്ലാതെ, ഒരു തുള്ളി പോലും തനിക്കു വേണ്ടി മാറ്റിവക്കാതെ, തന്‍റെ ജീവിതമെന്നോണം വിലയേറിയ ആ സുഗന്ധ തൈലം അവന്‍റെ പാദത്തില്‍ ഉടച്ചഭിഷേകം ചെയ്യുന്നുണ്ട് (യോഹന്നാന്‍ 12). എന്നാല്‍, എല്ലാം കണക്കുക്കൂട്ടി നോക്കുന്ന ഒരാള്‍ ആള്‍ക്കൂട്ടത്തില്‍നിന്നും വിളിച്ചു ചോദിക്കുന്നുണ്ട്: “മുന്നൂറു ദനാറ വിലയുള്ള ഈ പരിമളദ്രവ്യം സ്ത്രീയേ, എന്തിനു നീ പാഴാക്കുന്നു?” വാട്ട് എ വെയ്സ്റ്റ്? അതൃപ്തിയുടെ കയ്പ്പുരസമുണ്ട് അയാളുടെ വാക്കുകള്‍ക്ക്. മുന്നൂറു ദനാറ അത്ര ചെറിയ തുകയൊന്നുമല്ല. അക്കാലത്ത് ഒരു തൊഴിലാളിയുടെ ഒരു വര്‍ഷത്തെ വേതനത്തിനു തുല്യം. എന്നാല്‍ അവള്‍, അഭൌമികമായ ഒരു സ്നേഹത്തിന്‍റെ ആഴക്കടല്‍ കണ്ട് തന്നോട് തന്നെ മന്ത്രിക്കുകയാണ്: “അറുനൂറു ദനാറ ഉണ്ടായിരുന്നെങ്കില്‍ അതിനും ഞാന്‍ വാങ്ങിയേനെ ഈ സുഗന്ധം”. മേരിയുടെ സങ്കടം ഒന്ന് മാത്രം: കുറേക്കൂടി ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി നല്‍കാമായിരുന്നു!.

അറിവ് ഒത്തിരി കണക്കുകൂട്ടലുകളില്‍ ചിട്ടപ്പെടുത്തിയതാണ്. അനുഭവമാകട്ടെ അത്തരമെല്ലാ കണക്കുകൂട്ടലുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമ തീതമാണ്. നമ്മുടെ ക്രിസ്തുവിന്‍റെ ഭാഷയില്‍ വയലിലെ നിധി കണ്ടെത്തിയോരാളെപ്പോലെ. ആ നിധിയുള്ള ഒരിത്തിരി ഇടത്തിനുവേണ്ടി തനിക്കുള്ളതെല്ലാം വില്‍ക്കുകയാണയാള്‍. വല്ലാതെ പരിഹസിക്കപ്പെട്ടിട്ടുണ്ടാവും അയാള്‍. എന്നിട്ടും അയാളുടെ മനസ്സ് മടുക്കുന്നില്ല.
കുറച്ചുനേരം കണ്ണും പൂട്ടി ഇരുന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി. എത്ര കൊടുത്താലും മതിയാവില്ല എന്ന് കരുതുന്ന മറിയവും, കൊടുത്തതെല്ലാം പാഴായിപ്പോയി എന്ന് കരുതുന്ന യൂദാസ്സും സമര്‍പ്പണ ജീവിതത്തിലെ എന്‍റെ ചില സാധ്യതകള്‍ തന്നെ. സമര്‍പ്പണവഴിയില്‍ നസ്രത്തിലെ സ്നേഹിതനോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനാല് പിന്നിട്ടെങ്കിലും ചില നേരത്തെങ്കിലും മനസ്സ് യൂദാസ്സിനെപ്പോലെ വല്ലാതെ കലമ്പുകയാണ്. “നീയെന്തിനാണ്‌ ഇതെല്ലാം പാഴാക്കുക, നിന്‍റെ യൌവ്വനം, അറിവ്, കരുത്ത്, വര്‍ണ്ണങ്ങള്‍, സ്വപ്നങ്ങള്‍, ഗാര്‍ഹിക ഊഷ്മളതകള്‍....ഒക്കെ..?
പക്ഷെ, ഇനിയും ഞാൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. അവനു വേണ്ടി കൊടുക്കുന്നതൊന്നും പാഴായിപോകുന്നില്ല, പാഴായിപ്പോകാൻ അവൻ അനുവദിക്കുകയുമില്ല. അത്തരമൊരു തിരിച്ചറിവ് ഈ മുപ്പതുകളുടെ ആരംമ്ഭത്തിലെങ്കിലും സംഭവിക്കണേ എന്ന് മനസ്സുരുകി പ്രാര്‍ത്തിക്കുകയാണ് ഈ രാവിൽ!!

No comments:

Post a Comment