Thursday, January 8, 2015

“ജീവിതം കുറച്ചു കൂടി ഗൌരവം അര്‍ഹിക്കുന്നുണ്ട്”


“എടോ, ഞാനൊക്കെ ആരെങ്കിലും ആവോടോ”?
“എടാ, സിനിമ ഗോഡ് കമലഹാസന്‍ പറഞ്ഞത് എന്താണ് എന്ന് നിനക്കറിയോ”?

“ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, പ്രേമിക്കുന്നതും, കല്ല്യാണം കഴിക്കുന്നതും, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും എല്ലാം ഭൂമി ഉണ്ടായ കാലം മുതല്‍ ആളുകള്‍ ചെയ്യുന്നതാണ്‌. അതില്‍ കൂടുതല്‍.......നിങ്ങള്ക്ക് എന്തെങ്കിലും, നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ അതിന്റെ പേരാണ് ജീവിതം, സിന്തഗി, ലൈഫ്.”

ഈ അടുത്തകാലത്ത് കണ്ട ‘ഹോംലി മീല്‍സ്’ എന്ന മലയാള സിനിമയിലെ ഡയലോഗ് ആണ് ഇത്. കാര്യം അല്‍പ്പം ന്യൂ ജെനെറേഷന്‍ മസാല ഒക്കെ ഉണ്ടെങ്കിലും, ചില സീന്‍സ് എങ്കിലും വളരെ ‘ഹോംലി’ആയി അനുഭവപ്പെട്ടു. സാമാന്യം കഴിവുകള്‍ ഉള്ള ഒരു ചെറുപ്പക്കാരനെ, കൈവിട്ടു പോയി എന്ന് കരുതിയ തന്‍റെ ജീവിതത്തെ തിരികെ പിടിക്കാന്‍, അപരിചിതരായ ഏതാനും സുഹൃത്തുക്കള്‍ സഹായിക്കുന്നതും, ആ ചെറുപ്പക്കാരന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതും ആണ് സിനിമയുടെ സാരം.




മേല്‍പ്പറഞ്ഞ ഡയലോഗ് വീണ്ടും ഒരു വിചിന്തനത്തിന് വെച്ചപ്പോള്‍ ഒരു കാര്യം പിടികിട്ടി. നമ്മുടെ നസ്രത്തിലെ തച്ചനായ സ്നേഹിതനും ഏതാണ്ട് രണ്ടായിരം വര്ഷം മുന്‍പ് പറഞ്ഞു വച്ചതിന്‍റെയും സാരം ഏതാണ്ട് ഒന്ന് തന്നെ. “ജീവിതം കുറച്ചു കൂടി ഗൌരവം അര്‍ഹിക്കുന്നുണ്ട്”.  
പരീക്ഷാ ഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടിയോട് എങ്ങനെയുണ്ടായിരുന്നു പരീക്ഷ എന്ന് ചോദിക്കുകയും അതിനു ‘കുഴപ്പമില്ല’ യെന്നു ഉത്തരം കിട്ടുകയും ചെയ്താല്‍ നാം എത്തേണ്ട അനുമാനമെന്താണ്? അറുപതോളം ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരമെഴുതിയിട്ടില്ല എന്നല്ലാതെ-ഒപ്പം അവന്‍റെ കാര്യം ഏതാണ്ടു പോക്കണേന്നും. സുഘമാണോ? എന്ന നിരുപദ്രവമായ ചോദ്യത്തിന് ഒരു ആവറേജ് മലയാളീയുടെ ഉത്തരം എന്തായിരുക്കും? ‘കുഴപ്പമില്ല’ എന്നല്ലാതെ? ജീവിതത്തിന്‍റെ അറുപതു ശതമാനത്തോളം നാം അറ്റംമ്റ്റ് ചെയ്യുന്നുപോലുമില്ല. ജീവിക്കാതെ പോകുന്ന ജീവിതങ്ങള്‍. ആരോ പറയുന്നത് പോലെ, ‘ജനിച്ചു, ജീവിച്ചു, മരിച്ചു’. അതിനപ്പുറം എന്തത്ഭുതം നീ ചെയ്തിട്ടുണ്ട്? ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്‍കാനും അത് സമൃദ്ധമായി നല്കാനുമാനെന്നുള്ള ക്രിസ്തുമൊഴി നമ്മെ കരയിക്കണ്ടേ? നമ്മില്‍ എത്ര പേര്‍ക്ക് നെഞ്ചില്‍ കൈ വച്ചു പറയാന്‍ സാധിക്കും, ക്രിസ്തു പ്രോമിസ് ചെയ്യുന്ന ഈ സമൃദ്ധി നാം ജീവിതത്തില്‍ അനുഭവിക്കുന്നുണ്ടെന്ന്? 
ഡിസംബര്‍ 31, 2014. സംഭവബഹുലമായ 2014, ഇതാ യാത്രയാകുന്നു. 2015 ഇതാ വാതില്‍ക്കല്‍ എത്തി. എല്ലാം വീണ്ടും ആരംഭിക്കാന്‍ നമുക്കൊരു ഊഴം കിട്ടുന്നുവെന്നതാണ് പുതുവര്‍ഷത്തിലെ സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കിയോജിപ്പിക്കുവാന്‍, മറന്നുപോയ പ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കാന്‍, കളഞ്ഞുപോയ ഹൃദങ്ങളെവീണ്ടെടുക്കുവാന്‍,,,ചുരുക്കത്തില്‍ ജീവിതത്തെ കുറച്ചുകൂടി ഗൌരവപൂര്‍വ്വം നേരിടാന്‍, ഒക്കെ മറ്റൊരു ഊഴം കൂടി. ബോബ്ബിയച്ചന്‍ പറയുന്നത് പോലെ “തകര്‍ന്ന ഹൃദയങ്ങള്‍ ഒഴികെ എല്ലാം ഒട്ടിക്കുന്നു”. ഒരു പശയുടെ പരസ്യമാണ്. ആര്പറഞ്ഞു ഹൃദയം ഒട്ടിക്കാനാവില്ലെന്ന്? ഹൃദയവും ഒട്ടിക്കാം. സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മാത്രം മതി. അതും സൌക്ക്യപ്പെടും. 
അപ്പോള്‍ അത് തന്നെ കാര്യം. വീണ്ടെടുക്കാനാവാത്ത വിധത്തില്‍ ഒന്നും കളഞ്ഞു പോയിട്ടില്ല. മടങ്ങിവരാനാവാത്ത ദൂരത്തില്‍ ആരും അകന്നുപോയിട്ടുമില്ല. ജീവിതത്തെ ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ സാധിക്കട്ടെ എന്നല്ലാതെ മറ്റെന്തു ആസംസിക്കാന്‍ ഈ പുതുവര്‍ഷരാവില്‍. 
ശാലോം ഫ്രം എത്യോപ്പിയ!

No comments:

Post a Comment