Thursday, January 8, 2015

ഉത്തരവാദിത്വത്തിന്‍റെ സുവിശേഷം




മിക്കവാറും നിങ്ങളും വായിച്ചുകാണും, കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അലി എന്ന പാക്കിസ്ഥാന്‍ സ്വദേശിയുടെ  ധീരകഥ. തിരക്കേറിയ നിരത്തിലൂടെ ഇരുപത്തിരണ്ടു ചക്രങ്ങളുള്ള ഒരു ലോറി, നിയന്ത്രണം വിട്ടു ഡ്രൈവര്‍ ഇല്ലാതെ, ഒരു സംഹാരകനെ പോലെ ഓടി പാഞ്ഞു വരുന്നത് കണ്ടു, സ്വന്തം ജീവന്‍ പോലും അപായപ്പെടുത്തി, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും താക്കിതുകള്‍ വകവയ്ക്കാതെ, ആ ലോറിയിലേക്ക് ഓടിക്കയറി, അതിസാഹസികമായി ആ ലോറി നിയന്ത്ര ണത്തില്‍ കൊണ്ടുവന്ന അലി എന്ന ആ ചെറുപ്പക്കാരന്‍. എന്താണ് താങ്കളെ ഇതിനു പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിനു അദ്ദേഹം പറഞ്ഞത് ഇപ്പ്രകാ രമായിരുന്നു. “വലിയ ഒരു ഉത്തരവാദിത്വം എനിക്ക് അനുഭവപ്പെട്ടു.  അപ്പോള്‍ ഞാന്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന വലിയ ദുരന്ധത്തെപ്പറ്റി ആലോചിച്ചു. പിന്നെ ഒട്ടും മടിച്ചുനിന്നില്ല........” സംഭവം നടക്കുന്നത് പാകിസ്ഥാനില്‍ ആണെന്ന് ഓര്‍ക്കണം.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ അരങ്ങേറിയ ഭീകരസംഭവങ്ങളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 
“All of us are responsible for everything and I even more”.  “ഈ ഭൂമിയായ ഭൂമിയില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും എല്ലാവര്ക്കും ഉത്തരവദിത്ത്വം ഉണ്ട്; എനിക്കാവട്ടെ കുറച്ചേറെ ഉത്തരവാദിത്വവും”.  ഇത് പറഞ്ഞത് ദോസ്തവയ്സ്കിയുടെ അലീഷയാണ്. തങ്ങളുടെഉത്തരവാധിത്വങ്ങളില്‍നിന്നും സൌകര്യപൂര്‍വ്വം കൈ കഴുകി മാറുന്ന പീലത്തോസുകള്‍ പെരുകുന്ന ഈ കാലത്ത്, ഭൂമിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്, അല്ലെങ്കില്‍ അതിന്റെ പേരില്‍ ഉള്ള് പൊള്ളി ജീവിക്കേണ്ടിവരുന്ന അലീഷയുടെ ജെനുസ്സില്‍ പെട്ട അലിയെകണക്കുള്ള മനുഷ്യരെകാണുന്നത് എത്ര ഹൃദ്ധ്യമായ കാഴ്ച്ചയാണ്. തങ്ങള്‍ക്കു ഈ ഭൂമിയോട്, അതില്‍ വസിക്കുന്നവരോട് ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ട് എന്ന് തോന്നുന്ന, നമ്മുടെ ക്രിതുവിന്റെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ‘പ്രാപഞ്ചികബോധം’ ഉള്ളില്‍ കൊണ്ടുനടക്കുന്ന മനുഷ്യര്‍.
എനിക്ക് തോന്നുന്നു നമ്മുടെ വര്‍ത്തമാനകാലത്തിന്റെ തത്വശാസ്ത്രം നിസംഗതയാണ്. ഒന്നിലും ഇടപെടാന്‍ നമുക്ക് താത്പര്യമില്ല. ഞാനോര്‍ക്കുന്നു റോമില്‍ പഠിക്കുന്ന കാലത്ത്, നാപ്പോളിസ്വദേശിയായ എന്‍റെ ഒരു കൂട്ടുകാരന്‍ പങ്കുവച്ച ആനുഭവം.  ക്രിസ്തുമസ്സ് ആണ്. അവന്‍റെ സഹോദരന്‍ അവനെ കാണാന്‍ റോമില്‍ വന്നതാണ്.  റോമ ടെര്‍മിനി സ്റ്റേഷനില്‍വച്ചു ഒരു സിറിഞ്ച് കാട്ടി ഭീഷണിപ്പെടുത്തി എല്ലാ പണവും ആരോ തട്ടിയെടുത്തു. പിന്നിട് ആ സംഭവത്തെപറ്റി പറയുമ്പോള്‍ അദ്ദേഹം വിഷമിച്ചത് പണം പോയതിനെക്കുറിച്ചല്ല. മറിച്ചു ഒരാള്‍ പോലും തന്നെ സഹായിക്കാന്‍ വന്നില്ലല്ലോ എന്നോര്‍ത്താണ്. നമ്മുടെ വര്‍ത്തമാനകാലത്തില്‍ കണ്ടു വരുന്ന, കണ്ണില്‍ കാണുന്നതെല്ലാം, എന്തിനു അപകടങ്ങള്‍പോലും, വീഡിയോ ആക്കി യു ട്യുബില്‍ ഇടുന്ന, ‘സിറ്റിസെന്‍ ജേര്‍ണലിസം’ എന്ന് ചെല്ലപേരിട്ടു വിളിക്കുന്ന ന്യു ജെനെറെഷന്‍ പ്രവണതയും നിസംഗതയുടെ   മറുപര്യായങ്ങള്‍ തന്നെ.
നല്ല സമരിയാക്കാരന്‍റെ ആ കഥ ഓര്‍മ്മയില്ലേ? പുരോഹിതനും ദേവാലയ ശുശ്രുഷിയും, ഏര്‍പ്പെട്ട കളി ഇത് തന്നെ ആയിരുന്നു. നിസംഗത.  വഴിയില്‍ പരിക്കേറ്റു കിടക്കുന്ന മനുഷ്യനും തന്‍റെ ഉത്തരവാദിത്വപരിധിയില്‍ പെട്ടതാണ് എന്ന് മനസിലാക്കുന്നിടത്താണ് നല്ല സമരിയാക്കാരന്‍റെ മെറിറ്റ്.   ഈ ഭൂമിയില്‍ മുഴങ്ങിയിതില്‍ വച്ചു ഏറ്റവും കടിനമായ വാക്കുകള്‍ കായേന്‍റെ തര്‍ക്കുത്തരമാണെന്നു തോന്നുന്നു. “അം ഐ മൈ ബ്രതെര്‍സ് കീപെര്‍”, ഞാനോണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?  ഇഷ്ട എഴുത്തുകാരന്‍ ബോണഫര്‍ പറയുന്നത്, റിയാലായ കൊലപാതകം നടന്നത് കായേന്‍ അബേലിനെ തലക്കടിച്ചു കൊന്നപ്പോഴല്ല, മറിച്ചു തന്‍റെ സഹോദരനോടുള്ള ഉത്തരവാദിത്വം നിഷേധിച്ചപ്പോഴാണെന്നാണ്.  ഒരാള്‍ തന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ അല്ല എന്ന് പറഞ്ഞു തുടങ്ങിയാല്‍ പിന്നെ ആരാണ് ഇതിന്‍റെയൊക്കെ കാവല്‍ക്കാരന്‍? വയോധികരായ മാതാപിതാക്കളുടെ കാവല്‍ക്കാരാരാ? വഴിതെറ്റാന്‍ സാദ്ധ്യധയുള്ള നിങ്ങളുടെ കുഞ്ഞുമക്കളുടെ കാവല്‍ക്കാരന്‍ ആരാ? ഒരു പക്ഷെ തെല്ലിടറി  നടക്കുന്ന നിങ്ങളുടെ ജീവിതപങ്കാളിയുടെ കാവല്‍ക്കാരന്‍ ആരാ? ഈ പ്രപഞ്ചത്തിന്‍റെ കാവല്‍ക്കാരന്‍ ആരാ? വെട്ടിക്കളയുന്ന വൃക്ഷങ്ങളുടെ കാവല്‍ക്കാരന്‍ ആരാ? ഫ്ലാറ്റുകളും മോളുകളും പണിയുന്നതിന്‍റെ ഭാഗമായി കാടുകള്‍ വെട്ടിത്തെളിച്ചപ്പോള്‍ തങ്ങളുടെ ഹാബിറ്റാറ്റ് നഷ്ടമായ പക്ഷിക്കൂട്ടങ്ങളുടെ കാവല്‍ക്കാരന്‍ ആരാ?
അതെ, A Gospel of Responsibility,  ഉത്തരവാദിത്വത്തിന്‍റെ സുവിശേഷം, അതിലേക്കാണ് കാലാകാലങ്ങളായി നസ്രത്തിലെ നമ്മുടെ തച്ചനായ സ്നേഹിതന്‍ സ്നേഹപൂര്‍വ്വo നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്. “നീയും പോയി അപ്രകാരം ചെയ്യുവിന്‍” എന്ന് പറഞ്ഞാണ് ക്രിസ്തു നല്ല സമരിയാക്കാരന്‍റെ ആ കഥ സംഗ്രഹിച്ചത്.  “അപ്രകാരം ചെയ്യുവിന്‍” എന്ന് ക്രിസ്തു അനുശാസിച്ച മൂന്നു കാര്യങ്ങളില്‍ ഒന്നാണിത്. പാദം കഴുകിയതിനുശേഷവും, അപ്പം മുറിച്ചു നല്‍കിയതിനുശേഷവുമാണ് മറ്റ് രണ്ടിടങ്ങള്‍. എല്ലാം മാനവരാശിക്കുവേണ്ടി  ഓരോരുത്തരും തങ്ങളെത്തന്നെ പുനരര്‍പ്പിക്കുവാനുള്ള ക്ഷണത്തിന്‍റെ പ്രതിദ്ധ്വനികള്‍ തന്നെ.  അത്തരം ചില ചിന്തകള്‍ മനസ്സില്‍ പേറി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടു മുട്ടി ഈ ദിവസങ്ങളില്‍. പറഞ്ഞു വരുന്നത് വാട്സ്ആപ്പിലെ ‘ഹരിത സാഹോദര്യം’ എന്ന ഗ്രൂപ്പിലെ ചെറുപ്പക്കാരെക്കുറിച്ചു തന്നെ.  അതെ അവരെല്ലാരുംതന്നെ അത്യാവശ്യം ജീവിത പ്രരാഭ്ധങ്ങള്‍ ഒക്കെയുള്ള ചെറുപ്പക്കാര്‍ തന്നെയാണ്. എങ്കിലും ഇത്തവണത്തെ ക്രിസ്തുമസ്സിനു അവര്‍ ചെയ്ത കാര്യം ആരുടേയും കണ്ണ് നിറയ്ക്കും.  അവര്‍ ഇരുപത്തൊന്നു പേര്കൂടി, എത്യോപ്പ്യയിലെ ഇരുപത്തൊന്നു കുഞ്ഞുങ്ങളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം ഏറ്റെടുത്തു.  വേണമെങ്കില്‍ ചോദിക്കാം, എന്തേ? എത്യോപ്പ്യയിലെ കുട്ടികളുടെ വിദ്യാഭ്യാസം തങ്ങളുടെ ചുമതലയാണോ? പക്ഷെ അവര്‍ നേരത്തെപ്പറഞ്ഞ അലീഷയുടെ ജെനുസ്സില്‍പെട്ടവരാണ്. “ഈ ഭൂമിയായ ഭൂമിയില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും എല്ലാവര്ക്കും ഉത്തരവാദിത്ത്വം ഉണ്ട്; ഞങ്ങള്‍ക്കാവട്ടെ കുറച്ചേറെ ഉത്തരവാദിത്വവും!”             

No comments:

Post a Comment