Monday, December 22, 2014

''എനിക്കു യേശുവിന്റെ ഒരു ചിത്രം വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.''



ഏതാണ്ട് ഒരു വര്ഷം മുoമ്പ്‌ എഴുതിയ കുറിപ്പാണ്. എന്നാല്‍ ഇന്ന് യാദൃശചികമായി അത് വീണ്ടും വായിക്കാന്‍ ഇടയായി. അന്നത്തെപ്പോലെ ഇന്നും എന്റെ കണ്ണുനിറഞ്ഞു. അതിനാല്‍ ആ കുറിപ്പ് വീണ്ടും റിപോസ്റ്റ് ചെയ്യുന്നു.
ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ചോദിച്ചു: ആരുടേതാണീ പേഴ്‌സ്? ഏതാണ്ട് 80 വയസുപ്രായം തോന്നിക്കുന്ന വൃദ്ധന്‍ പറഞ്ഞു: ''സര്‍ അതെന്റേതാണ്. ദയവായി എനിക്കു തിരിച്ചു തരിക.'' ''ഇത് താങ്കളുടേതാണെന്നതിന് എന്താണ് തെളിവ്?'' ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു. ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ''അതിലൊരു പടമുണ്ട്- യേശുക്രിസ്തുവിന്റെ പടം.'' എന്നാല്‍, പരിശോധകന്‍ പേഴ്‌സ് കൊടുത്തില്ല. ''ആര്‍ക്കുവേണമെങ്കിലും യേശുവിന്റെ പടം പേഴ്‌സില്‍ സൂക്ഷിക്കാം. അതില്‍ എന്ത് പ്രത്യേകതയാണുള്ളത്? എന്തുകൊണ്ട് നിങ്ങളുടെ പടം പേഴ്‌സില്‍ സൂക്ഷിക്കുന്നില്ല?'' 

ഒരു നെടുവീര്‍പ്പോടെ വൃദ്ധന്‍ പറഞ്ഞു: ''ഈ പേഴ്‌സ് എന്റെ പിതാവാണ് എനിക്കു നല്കിയത്. ആദ്യം മാതാപിതാക്കളുടെ ചിത്രം ഞാന്‍ ഇതില്‍ സൂക്ഷിച്ചു. യൗവനത്തിലെത്തിയപ്പോള്‍ അതുമാറ്റി എന്റെ ചിത്രം ഞാനിതില്‍ വച്ചു. വിവാഹശേഷം, സുന്ദരിയായ എന്റെ ഭാര്യയുടെ ചിത്രം എന്റെ ചിത്രത്തിനു പകരം വച്ചു. പിന്നീട് എനിക്കൊരു കുഞ്ഞുണ്ടായപ്പോള്‍ മാലാഖയെപ്പോലിരുന്ന ആ കുഞ്ഞിന്റെ ചിത്രം ഞാന്‍ പേഴ്‌സില്‍ വച്ചു.'' കണ്ണീര്‍ തുടച്ചുകൊണ്ട് വൃദ്ധന്‍ തുടര്‍ന്നു. ''എന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചു. മകനാകട്ടെ വളരെ തിരക്കിലാണ്. എന്നെ വന്നു കാണാന്‍പോലും അവന് സമയമില്ല. ഹൃദയത്തോടു ചേര്‍ത്തുവച്ച അവരെല്ലാം ഇപ്പോള്‍ അകലെയാണ്. അതുകൊണ്ട് ഞാന്‍ യേശുവിന്റെ ചിത്രം പേഴ്‌സില്‍ വച്ചു. അവിടുന്നാണ് ഇപ്പോള്‍ എന്റെ കൂട്ടുകാരന്‍. അവിടുന്ന് എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല. ഇപ്പോഴത്തേതുപോലെ കര്‍ത്താവിനെ ചെറുപ്പത്തില്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും അനാഥനാകുമായിരുന്നില്ല.'' ടിക്കറ്റ് പരിശോധകന്‍ ഒരക്ഷരം ഉരിയാടാതെ പേഴ്‌സ് വൃദ്ധന് തിരിച്ചുകൊടുത്തു. അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അവിടെയിറങ്ങിയ ടിക്കറ്റ് പരിശോധകന്‍ പ്ലാറ്റ്‌ഫോമിലെ പുസ്തക കച്ചവടക്കാരനോട് ചോദിച്ചു: ''എനിക്കു യേശുക്രിസ്തുവിന്റെ ഒരു ചിത്രം വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.''
ഇന്നും ഈ കഥ വായിക്കുമ്പോള്‍ എന്റെ ഹൃദയം വല്ലാതെ നുറുങ്ങുന്നുണ്ട്....അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലെക്കെത്തുന്നവനാണ് നസ്രത്തിലെ നമ്മുടെ സ്നേഹിതൻ. സത്യം പറഞ്ഞാൽ കഥയിലെ വൃദ്ധനോട് നല്ല ഒരളവിൽ അസൂയ വരെ തോന്നുന്നുണ്ട്. കാരണം വേറൊന്നുമല്ല, ഈ വൈകിയ വേളയിലെങ്കിലും അയാൾ തന്റെ യഥാര്ത സുഹൃത്തിനെ തിരിച്ചറിഞ്ഞല്ലോ....

എന്നാൽ മുപ്പതുകളുടെ ആരംഭത്തിലെത്തിയിട്ടും, അവൻ എനിക്ക് ആരാണെന്നുള്ളത് ഒരു ചോദ്ധ്യചിഹ്ന്നമായിതന്നെ തുടരുന്നു. ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളിൽ അനേക തവണ, നല്ലൊരു സുഹൃത്തായും, സഹപാടി ആയും, ആത്മീയ ഗുരുവായും, എന്തിനു ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും എപ്പോഴും സാന്ത്വന വാക്കുകളുമായി എത്തുന്ന ഫേസുബുക്കിലെ നല്ല കൂട്ടുകാരിയുമായും ഒക്കെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും പലപ്പോഴും അവനെ ഒന്ന് തിരിച്ചറിയാനോ അവനു വേണ്ടി നിലകൊള്ളാനോ കഴിയുന്നില്ലല്ലോ എന്നോര്ക്കുംമ്പോൾ മനസ്സ് നീറുകയാണ്. 
നിസ്സഹായതയുടെ നിമിഷങ്ങളിൽ ആഗ്രഹങ്ങൾ അറിഞ്ഞു ഇടപെടുന്ന എന്റെ ഈ ദൈവത്തെ ഞാൻ എന്ത് പേര് പറഞ്ഞു വിളിക്കണം?? വെറുതെ ഒരു കൊച്ചു കാര്യം വേണമെന്നാഗ്രഹിക്കുമ്പോൾ, ആരോടും അതിനെക്കുറിച്ച് പറയാനില്ലാതെ പതറുമ്പോൾ, പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വ്യക്തികളിലൂടെ,,,,,ഒരു പത്രക്കാരൻ പയ്യനായും, ബസ്സിൽ കണ്ടുമുട്ടിയ അപരിചിതനായുമൊക്കെ എന്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന എന്റെ ഈ ദൈവത്തെ ഇനിയെങ്കിലും ഒന്ന് ഏറ്റുപറയെണ്ടേ??

No comments:

Post a Comment