വേറിട്ട
ചില അനുഭവങ്ങള്‍
വളരെ നാളുകളായി
എന്തെങ്കിലും ഒന്ന് ഈ ചുവരില്‍ കുത്തിക്കുറിച്ചിട്ട്. ബോബ്ബിഅച്ഛന്‍ കമ്മ്യുണിറ്റിയിലെ എല്ലാ
കൂട്ട്കാരുടെയും എല്ലാ കുറിപ്പുകളും തന്നെ വായിക്കാറുണ്ട്, വായിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു
ഇരിന്നിട്ടുമുണ്ട്. ഏതായാലും ഇത്തവണ, ഇക്കഴിഞ്ഞ
അവധിക്കു എനിക്ക് നാട്ടില്‍ വച്ചുണ്ടായ ചില അനുഭവങ്ങള്‍ എന്റെ കൂട്ട്കാരുമായി
പങ്കുവക്ക്യാം എന്ന്കരുതി.
തികച്ചും യാദൃശച്ചികമായാണ്
ഞാന്‍ ആ പള്ളിയില്‍ വരാന്‍ ഇടയായത്.
കൃത്യമായി പറഞ്ഞാല്‍ ഈ കഴിഞ ഓഗസ്റ്റ് മാസം 10)o തിയതി, ഒരു ഞായറാഴ്ച്ച. എന്‍റെ സഹോദരിയെ
കെട്ടിച്ചയച്ചിരിക്കുന്ന ഇടവക എന്നതിലുപരി ആ പള്ളിയുമായി എനിക്ക് യാതൊരു
ബന്ധവുമില്ല. എന്‍റെ അളിയന്‍ കാറ്റ്കിസം
ഹെഡമാസ്റ്റര്‍ ആയതിനാലും, ബഹുമാനപ്പെട്ട വല്ല്യച്ചന്‍റെ കാരുണ്ണ്‍യത്താലും പത്തു
മണിയുടെ കുട്ടികളുടെ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു.
യോഹന്നാന്‍ 9)൦ അദ്ധ്യായം,
യേശു അന്ധനെ സൗഖ്യപ്പെടുത്തുന്ന ഭാഗമായിരുന്നു അന്നത്തെ സുവിശേഷം. വചനം വായിച്ചു,
വചനം പങ്കുവച്ചു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്ന യേശുവിന്‍റെ സ്വയം
വെളിപ്പെടുത്തലിനെ അധാരമാക്കിയായിരുന്നു എന്‍റെ വചന സന്ദേശം. യേശു തന്‍റെ പരസ്യ ജീവിതം ആരംഭിച്ചപ്പോള്‍
തന്നെതന്നെ വെളിപ്പെടുത്തിയത് ഇപ്പ്രകാരമായിരുന്നു. “ഞാന്‍ ലോകത്തിന്‍റെ
പ്രകാശമാകുന്നു”. എന്നാല്‍ തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനനാളുകളില്‍ തന്നെ
കേട്ടുകൊണ്ടിരുന്ന പാവപ്പെട്ട മുക്കുവരുടേയും കൂലിപ്പണിക്കാരുടെയും കണ്ണുകളില്‍
നോക്കി നസ്രത്തിലെ ആ തച്ചന്‍ വിളിച്ചുപറഞ്ഞത് ഇപ്രകാരമായിരുന്നു: “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”. പാവം മനുഷ്യര്‍ തങ്ങളുടെ കണ്ണുകള്‍ ഇറുക്കി
അടച്ചു. എന്നിട്ടും കണ്ണീര്‍ അടക്കാന്‍ പറ്റുന്നില്ല. സമൂഹത്തിന്‍റെ വിളുമ്പില്‍
കഴിയുന്ന, എല്ലാരുടെയും അവഹേളനക്ക് പാത്രമാകുന്ന, തങ്ങളെ നോക്കി ഈ തച്ചന്‍
എന്തൊക്കെയാ പറയുന്നേ, ഞങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന്!
അപ്പോള്‍ അതാണ്
കാര്യം! നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്
ലോകത്തിന്‍റെ പ്രകാശമാവുക എന്ന വലിയ
ദൌത്യത്തിലെക്കാണെന്നു പ്രസംഗത്തില്‍ ആളുകളെ ഓര്‍മിപ്പിച്ചു. അതിനനുബന്ദമായി എന്‍റെ പ്രവര്‍ത്തന മേഖലയായ
ആഫ്രിക്കായെ പറ്റിയും, ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഇബോള
വൈറസിനെപ്പറ്റിയും, ഇത്തരമൊരു പ്രതിസന്ധിയില്‍ പോലും തങ്ങളുടെ സ്വന്തം
നാടുകളിലേക്ക് തിരികെ പോകാതെ, സ്വജീവന്‍ പോലും തൃണവല്ക്കരിച്ചുകൊണ്ട് സേവനം
ചെയ്യുന്ന അനേകം മിഷനറിമാരായ വൈദികരെയും, സന്യസ്തരെയും പറ്റി പറഞ്ഞു. അതോടൊപ്പം ആഫ്രിക്കയിലെ കൊടിയ ദാരിധ്ര്യപ്പറ്റിയും
കുഞ്ഞുമക്കളെ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.
ഒന്നോ രണ്ടോ ആഴ്ച്ചകള്‍ മാത്രം പ്രായമുള്ള പിഞ്ചു പൈതങ്ങള്‍ക്ക്പോലും
കൊടുക്കാന്‍ മുലപ്പാല്‍ ഇല്ലാതെ, കാനയില്‍നിന്നും, തോട്ടില്‍നിന്നും വെള്ളമെടുത്തു
അതില്‍ ഉപ്പിട്ട് കൊടുക്കുന്ന ശോഷിച്ച അമ്മമാരുടെ കഥകള്‍ വെറും കെട്ടുകഥകള്‍ അല്ല,
ജീവിത യാഥാര്ത്യമാണന്നു അവരെ ഓര്‍മിപ്പിച്ചു.
ഏതോക്കെയോ അമ്മമാരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. നമ്മുടെ തന്നെ ‘ബ്ലെസ്സഡനെസ്സ്’ മനസിലാക്കുക,
കൂടുതല്‍ കൃതഞതപൂര്‍വ്വം ജീവിക്കുക, മറ്റുള്ളവരുടെ സങ്കടങ്ങളിലേക്കും, സഹനങ്ങളിലേക്കും തുറന്ന ഒരു കണ്ണും ഹൃദയവും
ഉണ്ടായിരിക്കുക, അത് തന്നെ സുവിശേഷ അതിഷ്ടിതമായ ജീവിതം എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട്
എന്‍റെ പ്രസംഗം ഞാന്‍ അവസാനിപ്പിച്ചു.
കുര്‍ബ്ബാന കഴിഞ്ഞു സങ്കീര്‍ത്തിയില്‍
വരുമ്പോള്‍ വലിയ ഒരു ആള്‍ക്കൂട്ടം ഉണ്ട്. ‘നല്ല പ്രസംഗത്തിന് അച്ഛനെ
അഭിനന്ദിക്കാന്‍ വന്നതാണ്’. പക്ഷെ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല.
ചേച്ചിയുടെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഇതാ ഫോണ്‍
അടിക്കുന്നു. കാറ്റകീസം രണ്ടാം ക്ലാസ്സിലെ
ടീച്ചര്‍ ആണ്. രണ്ടാം ക്ലാസ്സിലെ
കുട്ടികള്‍ എല്ലാരും കൂടി ആഫ്രിക്കയിലെ കുട്ടികള്‍ക്ക് വേണ്ടി രണ്ടായിരം രൂപ
സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു. പക്ഷെ അത് ഒരു തുടക്കം മാത്രമായിരുന്നു. വീണ്ടും ഫോണുകള്‍ വന്നു. അക്കങ്ങളും
പൂജ്യങ്ങളും കൂടി കൂടി വന്നു. എങ്കിലും
ഒന്നോര്‍ത്തപ്പോള്‍ ശരിക്കും എന്‍റെ കണ്ണ് നിറഞ്ഞുപോയി. എത്രയോ വലിയൊരു ഹൃദയത്തിനു ഉടമകളാണ് ഈ പള്ളിയിലെ
ഇടവക അംഗങ്ങള്‍. ഏതോ ഒരു ഭൂഖണ്ടത്തിലെ,
ഏതോ ഒരു രാജ്യത്തിലെ, ഒരിക്കല്‍ പോലും കണ്ടു മുട്ടാന്‍ സാദ്ധ്യധയില്ലാത്ത ഏതാനും
ജനങ്ങളെ ഓര്‍ത്തു നൊമ്പരപ്പെടാനും, അവരുടെ വിശപ്പും സങ്കടങ്ങളും തങ്ങളുടെ തന്നെ
സങ്കടങ്ങളായി കരുതാനും കഴിയുകയെന്നത് കൊച്ചു കാര്യമാണോ? ഇതൊക്കെ തന്നെയല്ലേ
ക്രിസ്തു പറയുന്ന രണ്ടാം മൈല്‍? “ഒരു കാതം നടക്കാന്‍
ആവശ്യപ്പെടുന്നവരോടുകൂടെ രണ്ടു കാതം നടക്കുക”. എന്‍റെതല്ലാത്ത ചില നുകങ്ങള്‍, ക്ലേശങ്ങള്‍
സഹിച്ചുപോലും ചുമലിലേറ്റാനുള്ള ക്ഷണമല്ലേ അത്?
ഒന്നാം കാതം മാത്രം നന്നായി ജീവിച്ചുതീര്‍ക്കുന്നവരുടെ ഒരു ലോകമായി
ചുരുങ്ങുന്നു എന്നുള്ളതാണ് നമ്മുടെ വര്‍ത്തമാനകാലത്തിന്‍റെ തലവര. എന്‍റെ കുടുംബം, എന്‍റെ കുട്ടികള്‍, എന്‍റെ
ഭാര്യ, മാക്സിമം എന്‍റെ നാട്ടുകാര്‍.
അതില്‍നിന്നും വിപരീതമായി അങ്ങു ദൂരെ ആഫ്രിക്കയിലെ ഏതാനും ചില അമ്മമാരേ ഓര്‍ത്തു
നൊമ്പരപ്പെടാനും, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ മാറ്റിവക്കാനും തയ്യാറായെങ്കില്‍
തീര്‍ച്ചയായും അത് അവരുടെ രണ്ടാം മൈല്‍ തന്നെ.
ആ നല്ല മനസ്സുകള്‍ക്ക് ഒരായിരം നന്ദി.
അഗസ്റ്റ് മാസം 19)൦ തിയതി
ഞാന്‍ എത്യോപ്പ്യയില്‍ തിരിച്ചെത്തി. എത്യോപ്പ്യയിലെ കലണ്ടര്‍ വളരെ വിചിത്രമാണ്.
എത്യോപ്പ്യന്‍ കലണ്ടര്‍ അനുസരിച്ച് ഇവര്‍ ഇപ്പോള്‍ 2007-ല്‍
ആണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11-ന് ഇവിടെ
ന്യു ഇയര്‍ ആയിരുന്നു.
മേല്‍പ്പറഞ്ഞ പള്ളിയിലെ ഇടവകക്കാരുടെ
നല്ല മനസ്സ് കാരണം ഒത്തിരി കുഞ്ഞുങ്ങള്‍ പട്ടിണി ഇല്ലാതെ ഈ വര്‍ഷം ന്യൂ
ഇയര്‍ കൊണ്ടാടി.
എത്യോപ്പ്യയിലെ
ചില ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള ആ നല്ല ആശീര്‍വാദം പോലെ, “Let their clan increase”, “അവരുടെ വംശം ഇനിയും വര്‍ദ്ധിക്കട്ടെ”. അസൗകര്യങ്ങളെ
കണക്കിലെഴുതാതെ ജീവിതത്തോട് ഹൃദയപൂര്‍വ്വം ഇടപെടുന്ന, ജീവിതത്തിലുടനീളം ഒരു
രണ്ടാംകാതം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന, അപരന്‍റെ
മുറിവുകള്‍, അത് ഏത് ഭാഷക്കാരനായിക്കൊള്ളട്ടെ, ഏത് രാജ്യക്കാരനായിക്കൊള്ളട്ടെ,
അവരുടെ മുറിവുകള്‍ തങ്ങളുടെ തന്നെ മുറിവുകളായി കരുതാന്‍ കഴിയുന്ന, ആ നല്ല മനസ്സിന്‍റെ ഉടമകള്‍ക്ക് വംശനാശo സംഭവിക്കാതിരിക്കട്ടെ. അവരുടെ
വംശം ഇനിയും വര്‍ദ്ധിക്കട്ടെ.
No comments:
Post a Comment