മനുഷ്യാവതാര ചിന്തകളിൽ ആവോളം മനസ്സ് നിറയുന്നുണ്ട് ഈ ദിനങ്ങളിൽ... ഇത്തവണയും ക്രുത്യമായി ലൂയിസ് ചേട്ടൻ അയച്ചുതരുന്ന സഖേറിന്റെ ചിന്തകൾ തന്നെ അതിനു കാരണം. ഈ കഴിഞ്ഞ ദിനങ്ങളിൽ കേട്ട ഒരു ചിന്തയാണ് മനസ്സിൽ വല്ലാത്ത ഒരു നീറ്റലായി ഉടക്കി നിൽക്കുന്നത്. പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന പുസ്തകത്തിൽ നിന്നുള്ള ഏതാനും വരികളാണ് സഖേർ ധ്യാന വിഷയമാക്കുന്നത്. ദൈവം മനുഷ്യനോട് ചോദിക്കാൻ പോകുന്ന ആ കടുത്ത ചോദ്യം മനസ്സിന് തരുന്ന ഭാരം കുറച്ചൊന്നുമല്ല കേട്ടോ! "ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകൾക്കിടയിൽ സ്വന്തം മനസ്സിന്റേയും ശരീ്രത്തിനേറെയും സുഖത്തിനല്ലാതെ വരും തലമുറക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് കാണിച്ചു തരിക....?""ഞാൻ മുഖം കുനിച്ച് നിൽക്കും . ജീവിച്ചിരിക്കുമ്പോൾ അനുഭവിച്ചതിനേക്കാൾ പതിനാറിരട്ടിയെങ്കിലും അപകർഷതാബോധം അപ്പോൾ എന്നെ വിഴുങ്ങുവാൻ തുടങ്ങും. ഞാൻ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു ,മരിച്ചു. മുടിയിലെ പേനിനേയും കാട്ടിലെ സിംഹത്തേയും പോലെ. അവക്കിടയിലെ ആയിരം മ്ര്യ ഗജാതികളെ പോലെ. പക്ഷെ മനുഷ്യനെന്ന നിലയിൽ മരണത്തെ അതിജീവിക്കാൻ ഞാൻ എന്ത് ചെയ്തു? ഇല്ല ! എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്റെ ഭാണ്ഡം ശൂന്യമായിരിക്കും, എന്റെ ഹൃദയവും." ഒന്നുമില്ല പ്രഭോ " ഞാൻ പറയും. പിന്നെ ചോദ്യമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒരു വാചകം കൂട്ടിച്ചേർക്കും. 'ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല!'വചനം മാംസമായെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഈ ദിനങ്ങളിൽ എങ്കിലും നമുക്കൊരുത്തരം ഉണ്ടാകണം, അല്ല നാമൊരുത്തരം തന്നെയാകണം സഖാവേ എന്ന സഖേറിന്റെ ഓർമ്മപ്പെടുത്തൽ ഒരു പ്രാർത്ഥനയാക്കി മാറ്റിക്കൊണ്ട് !ശാലോം ഫ്രം എത്യോപ്പിയ !
No comments:
Post a Comment